Banner Ads

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞതിൽ അമർഷവുമായി ജയ ബാലകൃഷ്ണന്റെ കുടുംബം

കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിലെ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ അപകടത്തിൽ കൊല്ലപ്പെട്ട ജയ ബാലകൃഷ്ണന്റെ കുടുംബം. കോടതി നടപടിയിൽ തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ തങ്ങളുടെ ഭാഗം കേൾക്കാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. നിയമത്തിൽ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ അടവുകളും പ്രതിയായ ജഡ്ജി പയറ്റുകയാണെന്നും അവർ പറഞ്ഞു. അതേസമയം പ്രതിസ്ഥാനത്തുള്ളയാൾ ജുഡീഷ്യൽ ഓഫീസറാണെന്ന കാര്യം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അറസ്റ്റ് തടഞ്ഞത്.

അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും നാല് മണിക്കൂറോളം ചോദ്യം ചെയ്യലിന് ഹാജരായെന്നും ജഡ്ജിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അന്വേഷണത്തോട് സഹകരിക്കുന്ന സാഹചര്യത്തിൽ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് അന്വേഷണ സംഘത്തോടും ഹൈക്കോടതി ചോദിച്ചു.