
കോഴിക്കോട് : പന്തീരാങ്കാവിൽ കഴിഞ്ഞ മെയ് മാസം ഒരു കോടിയിലധികം വിലമതിക്കുന്ന 1013 ഗ്രാം രാസലഹരി പിടികൂടിയ കേസിൽ വഴിതിരിവ്. സംഭവത്തിൽ ഒരു ഘാന സ്വദേശിനിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഘാന സ്വദേശിനിയായ ഇബേ പീസ് ചിനാസയെ പഞ്ചാബിലെ ജലന്തറിൽ വെച്ചാണ് കോഴിക്കോട് പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ അർജുന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈ കേസിൽ ഡാൻസാഫും പന്തീരാങ്കാവ് പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ നേരത്തെ ആറുപേർ പിടിയിലായിരുന്നു. ഇവർക്ക് എംഡിഎംഎ എത്തിച്ചുനൽകിയിരുന്നത് ഇപ്പോൾ പിടിയിലായ ഘാന സ്വദേശിനിയാണെന്ന് പോലീസ് വ്യക്തമാക്കി.
നേരത്തെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പഞ്ചാബിലെ ജലന്ധറിലുണ്ടെന്ന വിവരം പന്തീരാങ്കാവ് പോലീസിന് ലഭിക്കുന്നത്. പഞ്ചാബ് പോലീസിന്റെ കൂടി സഹായത്തോടെയാണ് ഇവരെ താമസസ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തത്.
പ്രതികൾ ലഹരി കടത്തുന്ന രീതിയെക്കുറിച്ചും പോലീസ് വിശദീകരിച്ചു. പ്രതികൾ യൂസ്ഡ് കാറുകൾ വാങ്ങി ഇവർ ആവശ്യപ്പെടുന്ന കേന്ദ്രത്തിൽ എത്തിച്ചു നിർത്തിയിടുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് ഈ കാറുകളിൽ ഘാന സ്വദേശിനിയുടെ നേതൃത്വത്തിൽ രാസലഹരി ഒളിപ്പിച്ചു വെക്കും.
അതിനുശേഷം കാർ എത്തിച്ചവരെത്തന്നെ വിളിച്ചുവരുത്തി വാഹനം കൊണ്ടുപോകാൻ ആവശ്യപ്പെടുകയാണ് പതിവ്. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതിയെ വരും ദിവസങ്ങളിൽ കോടതിയുടെ അനുവാദത്തോടെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പന്തീരാങ്കാവ് പോലീസ് അറിയിച്ചു.