Banner Ads

ക്ഷേത്ര ഭണ്ഡാരങ്ങൾ കേന്ദ്രീകരിച്ച് വൻ കവർച്ച: ‘ഭണ്ഡാരം സജീഷ്’ കോഴിക്കോട്ട് പിടിയിൽ

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും ഓഫീസുകളും കുത്തിത്തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ് (44 – ‘ഭണ്ഡാരം സജീഷ്’) ആണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെയും എലത്തൂർ പോലീസിന്റെയും സംയുക്ത നീക്കത്തിൽ അറസ്റ്റിലായത്.കഴിഞ്ഞ ദിവസം പുലർച്ചെ കുണ്ടൂപ്പറമ്പ് കൊറ്റിയാടത്ത് ഭഗവതി ക്ഷേത്രം, അങ്കക്കളരി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ കവർച്ച നടന്നിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ, ഈ മാസം 12-ന് പൂളാടിക്കുന്ന് കല്ലിടുക്കിൽ ഭഗവതി ക്ഷേത്രം, മാട്ടുപ്പിലാവിൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തിയയാൾ തന്നെയാണ് ഇതിന് പിന്നിലെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. ശാസ്ത്രീയ തെളിവുകൾ കൂടി ലഭിച്ചതോടെ മോഷ്ടാവ് സജീഷ് തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചു.തുടർന്ന് ഇയാൾ മൈസൂരിലേക്ക് കടന്നതായി വിവരം ലഭിച്ച ക്രൈം സ്‌ക്വാഡ്, വയനാട് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിന്തുടർന്ന് സാഹസികമായി തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.നിരവധി ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയാണ് സജീഷെന്ന് പോലീസ് അറിയിച്ചു.

തൃശ്ശൂർ (കുന്ദംകുളം, പേരമംഗലം, എരുമപ്പെട്ടി, വടക്കേക്കാട്), മലപ്പുറം (ചങ്ങരംകുളം, തേഞ്ഞിപ്പാലം, തിരൂരങ്ങാടി, പൊന്നാനി), പാലക്കാട് (തൃത്താല, ചാലിശ്ശേരി), കോഴിക്കോട് (കൊയിലാണ്ടി, മെഡിക്കൽ കോളേജ്, നല്ലളം, ചേവായൂർ) എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.പാലക്കാട് കൂറ്റനാട് സബ് ട്രഷറി കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ചതിനും കേസുണ്ട്.വീട് കുത്തിത്തുറന്ന് സ്വർണ്ണമാല കവർന്ന കേസിലും ഇയാൾ പ്രതിയാണ്.

എലത്തൂർ ഇൻസ്പെക്ടർ ജിതേഷ്, സബ് ഇൻസ്പെക്ടർ നിമിൻ കെ. ദിവാകരൻ, എഎസ്ഐ പത്മരാജൻ, സൈബർ സെല്ലിലെ സിപിഒ ദിവ്യ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അബ്ദുറഹ്മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻ വീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, രാഗേഷ് ചൈതന്യം, ജിനേഷ് ചൂലൂർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.