
തൃശ്ശൂർ: ഫാസ്ടാഗ് അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാത്തതിനെ തുടർന്ന് വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു. രാവിലെ തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ അഞ്ച് കെഎസ്ആർടിസി ബസുകളാണ് ടോൾ ജീവനക്കാർ തടഞ്ഞുവെച്ചത്.
ബസുകൾ വഴിയിൽ കുടുങ്ങിയതോടെ യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ വാഗ്വാദമുണ്ടായി. തുടർന്ന് യാത്രക്കാരെ താഴെയിറക്കി ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപത്തേക്ക് മാറ്റിയിട്ടു. ദുരിതത്തിലായ യാത്രക്കാർ മറ്റ് ബസുകളിൽ കയറിയാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തുടർന്നത്.
സംഭവത്തെ തുടർന്ന് ബസ് ജീവനക്കാർ തൃശൂർ ഡിപ്പോയുമായി ബന്ധപ്പെട്ടു. ഒടുവിൽ കണ്ടക്ടർ സ്വന്തം നിലയിൽ ഗൂഗിൾ പേ (Google Pay) വഴി ടോൾ തുക അടച്ച ശേഷമാണ് ടോൾ പ്ലാസ ജീവനക്കാർ ബസുകൾ കടത്തിവിട്ടത്.
ഡിപ്പോ തലത്തിൽ ഫാസ്ടാഗ് റീചാർജ് ചെയ്യുന്നതിൽ വന്ന വീഴ്ചയാണ് സർവീസുകൾ തടസ്സപ്പെടാനും യാത്രക്കാർ വലയാനും കാരണമായതെന്നാണ് സൂചന.