
പാലക്കാട് : പട്ടാമ്പി തിരുവേഗപ്പുറ പപ്പടപടിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ലിയാരുടെ മകൾ ഫാത്തിമ സഹറ (5), ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഹനാൻ (രണ്ടര) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് 50 മീറ്റർ മാത്രം അകലെയുള്ള കുളത്തിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇരുവരേയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ സഹറയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ഹനാനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു.