Banner Ads

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി: തുടർ സമരങ്ങൾക്ക് രൂപം നൽകാൻ ഇന്ത്യ സഖ്യം ഇന്ന് യോഗം ചേരും; ചായസൽക്കാരത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ത്യാ മുന്നണി ഇന്ന് യോഗം ചേരും. തെരുവ് പ്രക്ഷോഭവുമായി മുന്നോട്ട് പോകണോ അതോ വിഷയം നിയമപരമായി നേരിടാൻ കോടതിയെ സമീപിക്കണോ എന്ന കാര്യത്തിലാണ് നേതാക്കൾക്കിടയിൽ പ്രധാനമായും ചർച്ച നടക്കുക.

അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളെയും വിദ്യാർത്ഥി പ്രതിനിധികളെയും ചായ സൽക്കാരത്തിനായി ക്ഷണിച്ചിട്ടുണ്ട്. വൈകിട്ട് 4 മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

ഗ്യാനേഷ് കുമാറിനെതിരെയുള്ള സമരത്തിന് പിന്തുണയുമായി മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇന്ന് ദില്ലിയിലെത്തും. എം.എൽ.എമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ടി. സിദ്ധിഖ്, റോജി എം. ജോൺ എന്നിവരും ദില്ലിയിൽ എത്തുന്ന സംഘത്തിലുണ്ട്. കേരളത്തിൽ നിന്ന് പരമാവധി നേതാക്കൾ സമരത്തിൽ പങ്കെടുക്കണമെന്ന് ഓൺലൈനായി ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗം നിർദ്ദേശിച്ചിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ‘ജനാധിപത്യ സംരക്ഷണ സദസ്സുകൾ’ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇലക്ടറൽ റോൾ അല്ലെങ്കിൽ വോട്ടർ പട്ടിക സംബന്ധിച്ച (SIR) പ്രക്ഷോഭമല്ലാതെ മറ്റ് വിഷയങ്ങളൊന്നും യോഗങ്ങളിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് കെ.പി.സി.സി നേതൃത്വം യോഗത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.