
കൊച്ചി: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിൽ സർക്കാരിന് നിർണ്ണായക അനുമതി നൽകി ഹൈക്കോടതി. പിഎസ്സി ഹർജി നൽകി എന്നുവെച്ച് അന്വേഷണ നടപടികൾ നിർത്തിവെക്കേണ്ടതില്ലെന്നും കേസിൽ സ്റ്റേ അനുവദിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബദറുദ്ദീനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതിനാൽ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു.ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ മറുപടി നൽകാൻ പിഎസ്സി ഇന്ന് കൂടുതൽ സമയം തേടി. തുടർന്ന് കേസ് രണ്ടു ദിവസത്തിന് ശേഷം പരിഗണിക്കാൻ മാറ്റി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കോടതി പച്ചക്കൊടി കാട്ടിയെങ്കിലും, കേസ് നീട്ടിക്കൊണ്ടുപോകാനാണ് പിഎസ്സി ശ്രമിക്കുന്നതെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.
ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പിഎസ്സി. 58 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ ബോധപൂർവ്വം മൂല്യനിർണ്ണയം നടത്തിയില്ലെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.പുനർമൂല്യനിർണ്ണയത്തിനൊടുവിൽ റാങ്ക് പട്ടിക അടിമുടി മാറിമറിഞ്ഞു. യഥാർത്ഥ പരാതിക്കാരനായ ശ്യാം കൃഷ്ണൻ ഒന്നാം റാങ്ക് കരസ്ഥമാക്കി.പുതിയ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ പിഎസ്സി ഉടൻതന്നെ അഡ്വൈസ് മെമ്മോയും നൽകിയിട്ടുണ്ട്.