Banner Ads

രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വീണ്ടും കേസ്: ഡൽഹിയിൽ സമരം കനക്കുന്നു; മമത ബാനർജിയും തെരുവിലേക്ക്

ദില്ലി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം കനത്തതോടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. പ്രതിഷേധത്തിനിടെ പോലീസ് ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർക്കെതിരെ പോലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു.

സംഭവത്തിൽ ഇതുവരെ മൂന്ന് കേസുകളാണ് ഡൽഹി പോലീസ് ഫയൽ ചെയ്തിരിക്കുന്നത്. അതിനിടെ പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതൽ പ്രതിപക്ഷ നേതാക്കൾ തലസ്ഥാനത്തേക്ക് എത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന പ്രതിഷേധ മാർച്ചിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പങ്കെ‌ടുക്കും.

ജന്തർ മന്തറിലും പരിസരങ്ങളിലും സമരം ശക്തമാകാൻ സാധ്യതയുള്ളതിനാൽ 11000 അധിക കേന്ദ്രസേനാംഗങ്ങളെക്കൂടി ഡൽഹിയിലേക്ക് അയച്ചിട്ടുണ്ട്. ഈ മാസം 12 വരെ 110 കമ്പനി സിഎപിഎഫ് സേനയെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഇതോടെ നഗരത്തിലെ ആകെ സേനാംഗങ്ങളുടെ എണ്ണം 26000 ആയി ഉയർന്നു.

വനിതാ പ്രതിഷേധക്കാരുടെ സാന്നിധ്യം കണക്കിലെടുത്ത് അഞ്ച് കമ്പനി വനിതാ സിഎപിഎഫിനെയും നിയോഗിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലുകൾ പോലീസ് കടുപ്പിച്ചു. ഡൽഹിയിലെ പ്രധാന സ്റ്റേഡിയങ്ങൾ താൽക്കാലിക കസ്റ്റഡി കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. ഉത്തർപ്രദേശ്, ഹരിയാന അതിർത്തികളിൽ പരിശോധനയും ബാരിക്കേഡിംഗും ഏർപ്പെടുത്തി.

സമരം നടക്കുന്ന സ്ഥലങ്ങളിലേക്ക് ആളുകളെയെത്തിക്കുന്ന ബസുകളുടെ സർവീസുകളും റൂട്ടുകളും പോലീസ് നിരീക്ഷിച്ച് വരികയാണ്. ആവശ്യമെങ്കിൽ മെട്രോ സർവീസുകൾക്കും നിയന്ത്രണമേർപ്പെടുത്തും. അതേസമയം പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി.

അദ്ദേഹത്തിന് നിലവിലുള്ള Z+ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിലെയും ആഗ്രയിലെയും വസതികളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും അധിക അർധസൈനിക വിഭാഗത്തെ വിന്യസിച്ചു.