
തിരുവനന്തപുരം : കോളേജ് ഹോസ്റ്റലുകളിൽ അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താനും ഒഴിവാക്കാനും ലക്ഷ്യമിട്ട് സർക്കുലർ പുറപ്പെടുവിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്. അനധികൃത താമസക്കാരെ ഒഴിവാക്കുന്നത് സംബന്ധിച്ച് 2023ൽ പുറത്തിറക്കിയ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രിൻസിപ്പൽമാർക്കും ഹോസ്റ്റൽ വാർഡൻമാർക്കും നിർദ്ദേശം നൽകി.
ഹോസ്റ്റലുകളിൽ അനധികൃത താമസക്കാരുണ്ടോ എന്ന് ഉറപ്പുവരുത്താൻ വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ നടത്തും. സർവ്വകലാശാലകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കുന്ന സമയങ്ങളിൽ ഹോസ്റ്റലുകളും നിർബന്ധമായും അടച്ചിടണം.
അക്കാദമിക് ആവശ്യങ്ങൾക്കായി അവധിക്കാലത്ത് ഹോസ്റ്റലിൽ തങ്ങേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക അനുമതിയോടെ മാത്രം തങ്ങാനുള്ള സൗകര്യം നൽകും. നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹോസ്റ്റലുകളിൽ കോളേജ് അധികൃതരും വാർഡൻമാരും പരിശോധന ശക്തമാക്കും.