Banner Ads

കലഞ്ഞൂരിൽ കാറിൽ ലഹരി കടത്ത്: പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

പത്തനംതിട്ട: കലഞ്ഞൂരിൽ വലിയ അളവിൽ കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെ കൂടൽ പൊലീസും ഡാൻസാഫ് (DANSAF) ടീമും ചേർന്ന് പിടിതൂടി. പരിശോധനയ്ക്കിടെ പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചാണ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചത്.അടൂർ പഴകുളം സ്വദേശി ലൈജു (31), നൂറനാട് സ്വദേശികളായ ശ്യാം (30), അരുൺ (29), കിരൺ (26) എന്നിവരാണ് പിടിയിലായത്.

കരിച്ചന്നൂരിലെ ലൈജുവിന്റെ വാടകവീട്ടിൽ നിന്ന് കാറിൽ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡാൻസാഫ് ടീമും കൂടൽ പൊലീസും വാഹനം പിന്തുടർന്നത്.കലഞ്ഞൂർ വലിയ പള്ളിക്ക് സമീപം വെച്ച് പ്രതികളുടെ കാറിന് കുറുകെ പൊലീസ് ജീപ്പ് നിർത്തിയാണ് വഴിതടഞ്ഞത്.പിടിക്കപ്പെടുമെന്നായപ്പോൾ പ്രതികൾ പൊലീസിന് നേരെ പെപ്പർ സ്പ്രേ അടിക്കുകയും ലഹരിമരുന്ന് പുറത്തേക്ക് വലിച്ചെറിയാൻ ശ്രമിക്കുകയും ചെയ്തെങ്കിലും പൊലീസ് സംഘം ഇവരെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

കഴിഞ്ഞ ഒരു മാസത്തോളമായി ഈ സംഘം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കേസ്സിലെ പ്രധാന പ്രതിയായ ലൈജു കാപ്പ (KAAPA) കേസിൽപെട്ടയാളും നിരവധി ലഹരിമരുന്ന് കേസ്സുകളിൽ കേരളത്തിലും ആന്ധ്രപ്രദേശിലും ശിക്ഷ അനുഭവിച്ചിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയുമാണ്. കൂടെയുണ്ടായിരുന്നവർക്കെതിരെയും വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.