Banner Ads

വൈകിട്ട് 7 മുതൽ 12 വരെ വൈദ്യുതി നിയന്ത്രണം വേണം; സർക്കാരിന്റെ കർശന നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപയോഗത്തിൽ പൊതുജനങ്ങളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. വൈകീട്ട് 7 മണി മുതൽ 12 മണി വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഉപയോഗം കഴിവതും കുറയ്ക്കണമെന്നാണ് ഊർജ്ജ വകുപ്പ് സെക്രട്ടറി എംജി രാജമാണിക്യം ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്.

ഗാർഹിക ആവശ്യങ്ങൾക്കായി കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനം പകൽ സമയങ്ങളിലേക്ക് മാറ്റണം. എയർ കണ്ടീഷണറുകളുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ച് ഉപയോഗിക്കണം. വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം സോളാർ ലഭ്യതയുള്ള സമയങ്ങളിലേക്കോ ഓഫ്-പീക്ക് സമയങ്ങളിലേക്കോ മാറ്റണം.

വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് പ്രവർത്തനങ്ങളും പകൽ സമയങ്ങളിൽ തന്നെ പൂർത്തിയാക്കണം. അനാവശ്യമായ ദീപാലങ്കാരങ്ങൾ ഒഴിവാക്കണം. ഇന്നലെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 96.01 ദശലക്ഷം യൂണിറ്റായിരുന്നു. പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ സാധിച്ചതിനാൽ രാത്രി 9 മണിക്ക് ശേഷമുള്ള നിയന്ത്രണം ഒഴിവാക്കിയതായും സർക്കുലറിൽ പറയുന്നു.