
തിരുവനന്തപുരം: ആയുർവേദ ദിനാചരണത്തിന്റെ ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കിയതിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ ചിത്രം വെക്കാതിരുന്നതിനെ തുടർന്ന് മേയർ പരിപാടിയിൽ നിന്ന് മടങ്ങുകയായിരുന്നു.
ആയുഷ് വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് 60 ശതമാനം തുക കേന്ദ്ര സർക്കാരും 40 ശതമാനം തുക മാത്രമാണ് സംസ്ഥാന സർക്കാരും ചെലവഴിക്കുന്നതെന്ന് മേയർ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ഭൂരിഭാഗം വിഹിതമുള്ള പദ്ധതിയുടെ പരിപാടിയിൽ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് വി.വി. രാജേഷ് വ്യക്തമാക്കി.ഇതിനുപുറമെ, പരിപാടിക്ക് നിശ്ചയിച്ച സമയത്ത് മന്ത്രിമാർ എത്താതിരുന്നതിലും മേയർ അതൃപ്തി പ്രകടിപ്പിച്ചു. തുടർന്നാണ് ചടങ്ങിൽ പങ്കെടുക്കാതെ മേയർ വേദിയിൽ നിന്ന് മടങ്ങിയത്.