
ദില്ലി : ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്കിന് മുന്നോടിയായി പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണ്ണായക തീരുമാനം. സെപ്റ്റംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും സാധാരണ ദിവസങ്ങളിലേതുപോലെ തുറന്നു പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 28 മുതൽ 30 വരെയാണ് മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 26 ശനിയാഴ്ചയും 27 ഞായറാഴ്ചയും അവധിയായതിനാൽ തുടർന്ന് വരുന്ന മൂന്ന് ദിവസത്തെ പണിമുടക്ക് കൂടി ചേരുമ്പോൾ തുടർച്ചയായി ബാങ്കിങ് സേവനങ്ങൾ നിലയ്ക്കുന്ന സാഹചര്യമുണ്ടാകും.
തിങ്കളാഴ്ച പണിമുടക്ക് ആരംഭിക്കുന്നതിന് മുൻപായി ആവശ്യമായ സാമ്പത്തിക ഇടപാടുകൾ നടത്താൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുകയാണ് ഞായറാഴ്ച പ്രവർത്തി ദിനമാക്കിയതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഞായറാഴ്ച ബാങ്ക് ശാഖകൾ തുറന്നു പ്രവർത്തിക്കുന്നതോടെ അത്യാവശ്യ ഇടപാടുകൾ തടസ്സമില്ലാതെ നടത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും.