
പത്തനംതിട്ട : തിരുവല്ലയിലെ സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ചികിത്സയ്ക്കെത്തിയ വീട്ടമ്മ മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി സ്വദേശിനി വിദ്യ വി ജി (45) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നലെ രാത്രി ഒമ്പതരയോടെ മരണം സംഭവിച്ചു.
ഈ മാസം 16നാണ് വിദ്യ തിരുവല്ല ഇടിഞ്ഞിലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തിയത്. ക്ലിനിക്കിലെ ജീവനക്കാരുടെയും ഡോക്ടർമാരുടെയും ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകി.
എന്നാൽ ശസ്ത്രക്രിയയിലോ അനസ്തേഷ്യ നൽകിയതിലോ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ക്ലിനിക് അധികൃതർ പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച ഉടൻ തന്നെ അടിയന്തര വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നതായും ഏത് തരത്തിലുള്ള അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അധികൃതർ അറിയിച്ചു.
2021ലും ഇതേ ക്ലിനിക്കിൽ ചികിത്സ തേടിയ മറ്റൊരു യുവതിക്കും ജീവൻ നഷ്ടമായിട്ടുണ്ട്. വിദ്യയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.