
ചാരുംമൂട് : ചാരുംമൂട് ടൗണിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. വ്യാപാരിയായ ഷൗക്കത്ത്, യാത്രക്കാരിയായ വയോധിക, ഭക്ഷണപ്പൊതി വാങ്ങാനെത്തിയ വയോധികൻ എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ പതിനൊന്നോടെ കിഴക്കേ ബസ് സ്റ്റോപ്പിനു സമീപമായിരുന്നു സംഭവം. കടിയേറ്റവർ നൂറനാട് സാനിറ്റോറിയം ആശുപത്രിയിൽ ചികിത്സ തേടി.
ആളുകളെ ആക്രമിക്കുന്നതിനിടെ നാട്ടുകാർ അടിച്ചുവീഴ്ത്തിയ നായ പിന്നീട് ചത്തു. വ്യാപാരിയായ ഷൗക്കത്തിന്റെ കാലിൽ കടിച്ച ശേഷം ഓടിയ നായ സമീപത്തുണ്ടായിരുന്ന യാത്രക്കാരിയായ വയോധികയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് തെരുവിലെ ഭക്ഷണ അലമാരയിൽനിന്ന് ഭക്ഷണപ്പൊതി വാങ്ങാനെത്തിയ വയോധികന് നേരെ തിരിഞ്ഞു.
സമീപത്തെ കടയിലേക്ക് വരികയായിരുന്ന യുവതിയെ ആക്രമിക്കാൻ തുനിഞ്ഞ നായയെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് കടിയേറ്റത്. കടിയേറ്റിട്ടും ഇദ്ദേഹം നായയെ പിടിച്ചുവെച്ചതോടെ ഓടിയെത്തിയ നാട്ടുകാർ വടികൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ചാരുംമൂട് ടൗണിലും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായി തുടരുകയാണ്.
ടൗണിന് സമീപത്തെ വീട്ടിലെ കുട്ടി ഒരു വർഷം മുൻപ് പേവിഷബാധയേറ്റ് മരിച്ചതിന്റെ നടുക്കം മാറും മുൻപാണ് വീണ്ടും പ്രദേശത്ത് സമാനമായ ആക്രമണം ഉണ്ടാകുന്നത്. തെരുവുനായ ഭീഷണിക്ക് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.