Banner Ads

നാടകവേദിയിലെ കരുത്തുറ്റ വേഷങ്ങൾ, പ്രേക്ഷകരുടെ മനസ്സുതൊട്ട ഉമ്മ; സാവിത്രി ശ്രീധരൻ വിടവാങ്ങി

കോഴിക്കോട് : നാടകവേദികളിലൂടെയും സിനിമകളിലൂടെയും മലയാളി ആസ്വാദകരുടെ ഹൃദയം കവർന്ന നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു.

അഞ്ച് പതിറ്റാണ്ടിലേറെയായി നാടകത്തിലും സിനിമയിലും സജീവമായിരുന്ന അവർ നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1961ലാണ് സാവിത്രി ശ്രീധരൻ ആദ്യമായി നാടകവേദിയിലെത്തുന്നത്. കെ ടി മുഹമ്മദിന്റെ സമിതികളായ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഓഫ് ഇന്ത്യ തുടങ്ങിയ സംഘങ്ങളുടെ എണ്ണമറ്റ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പ്രൊഫഷണൽ നാടകരംഗത്തെ മികവിന് 1977ലും 1993ലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും കേരള സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു. എം ടി വാസുദേവൻ നായർ രചനയും സംവിധാനവും നിർവ്വഹിച്ച കടവ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മയുടെ വേഷമാണ് സാവിത്രി ശ്രീധരനെ സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ പ്രിയങ്കരിയാക്കിയത്.

വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി മേഡ് ഇൻ ചൈന, പപ്പൻ തുടങ്ങിയ ചിത്രങ്ങളിലും മികച്ച വേഷങ്ങൾ ചെയ്തു. സുഡാനി ഫ്രം നൈജീരിയയിലെ തനിമയാർന്ന പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശവും നേടി.