
കൊല്ലം : ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 23) കൊല്ലം, ആലപ്പുഴ ജില്ലകളിലെ മൂന്ന് താലൂക്കുകൾക്ക് സംസ്ഥാന സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്കാണ് അവധി അനുവദിച്ചത്.
കായംകുളം എംഎൽഎയും മന്ത്രിയുമായ എം ലിജുവിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ആഘോഷങ്ങളുടെ ഭാഗമായുള്ള കെട്ടുകാഴ്ചകളും എഴുന്നള്ളിപ്പുകളും തടസ്സമില്ലാതെ നടത്തുന്നതിനായി കൃഷ്ണപുരം ഭാഗത്തെ 19 ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി യുജി കേബിളുകൾ സ്ഥാപിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്.
കാളകെട്ട് ഉത്സവത്തോടനുബന്ധിച്ച് നാളെ രാവിലെ ആറ് മണി മുതൽ ദേശീയപാത 66ൽ കൊല്ലം സിറ്റി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് വരുന്ന ചെറിയ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും കായംകുളം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കെ പി റോഡിലൂടെ ചാരുംമൂട്-ചക്കുവള്ളി-ഭരണിക്കാവ്-ശാസ്താംകോട്ട-കെഎംഎംഎൽ വഴി കൊല്ലത്തേക്ക് പോകണം.
കൊല്ലത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പണിക്കർകടവ് പാലം വഴി തീരദേശ റോഡിലൂടെ അഴീക്കലിലെത്തി വലിയ അഴീക്കൽ പാലം കടന്ന് കായംകുളം/ആലപ്പുഴ ഭാഗത്തേക്ക് പോകാം.
തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കൊല്ലം ആശ്രാമം ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. നിയന്ത്രണം അവസാനിച്ച ശേഷമേ ഇവയ്ക്ക് യാത്ര തുടരാനാകൂ. യാത്രക്കാർ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.