Banner Ads

മകന്റെ ചികിത്സയ്ക്കായി കുടുംബം ആശുപത്രിയിൽ; തൃശൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവനും ലക്ഷങ്ങളും കവർന്നു

തൃശൂർ : തൃശൂർ കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ സ്വർണാഭരണങ്ങളും മൂന്നര ലക്ഷം രൂപയും കവർന്നു. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് വൻ കവർച്ച നടന്നത്. മകന്റെ ശസ്ത്രക്രിയ ആവശ്യത്തിനായി കുടുംബം ആശുപത്രിയിലായിരുന്ന സമയത്തായിരുന്നു മോഷണം.

ഞായറാഴ്ച രാത്രി 1.30ഓടെയാണ് മോഷ്ടാവ് വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തുകയറിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. വീട്ടിനുള്ളിൽ പ്രവേശിച്ച ശേഷം പ്രതി സിസിടിവി ക്യാമറകൾ തകർക്കുകയായിരുന്നു. വീടിന്റെ രണ്ട് വാതിലുകൾ കുത്തിത്തുറന്ന നിലയിലാണ്.

മൂന്ന് അലമാരകളിലായി സൂക്ഷിച്ചിരുന്ന ഹസൻ അലിയുടെ ഭാര്യ, മകൾ, മരുമകൾ എന്നിവരുടെ 55 പവനോളം സ്വർണാഭരണങ്ങളും ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായി വച്ച മൂന്നര ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ നിന്ന് കുടുംബാംഗങ്ങൾ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതിലുകൾ തുറന്നുകിടക്കുന്നത് കണ്ടത്.

തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തൃശൂർ സിറ്റി പോലീസ് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തുകയും പ്രാദേശിക സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു.