
തിരുവനന്തപുരം : ലഹരിസംഘങ്ങൾക്കെതിരെ സംസ്ഥാന പൊലീസ് ശക്തമാക്കിയ ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിൽ നിർണായക വഴിത്തിരിവ്. മലപ്പുറത്ത് 10 കോടി രൂപയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ അന്താരാഷ്ട്ര ലഹരിമാഫിയ സംഘത്തെ കേരള പൊലീസ് പിടികൂടി.
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉത്തരേന്ത്യയിൽ എത്തിയാണ് നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യസൂത്രധാരൻ ഹാരിസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാഫിയ കണ്ണികളാണ് പിടിയിലായത്.
ലഹരിക്കടത്തിന്റെ പ്രധാന ഉറവിടത്തിലേക്കും വിതരണ ശൃംഖലയിലേക്കും നേരിട്ടെത്താൻ ഈ അറസ്റ്റിലൂടെ കേരള പൊലീസിന് സാധിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തങ്ങി ലഹരി വ്യാപാരം ഏകോപിപ്പിച്ചിരുന്ന സംഘത്തെ ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.