
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ച മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ജയിൽ ഡോക്ടർ അദ്ദേഹത്തെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കും. മെഡിക്കൽ പരിശോധനയ്ക്ക് ശേഷമായിരിക്കും തച്ചങ്കരിയെ വിദഗ്ധ ചികിത്സയ്ക്കായി പുറത്തെ ആശുപത്രിയിലേക്ക് മാറ്റണമോ അതോ ജയിൽ ആശുപത്രിയിലെ ചികിത്സ തുടർന്നാൽ മതിയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
കേരളത്തിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ഡിജിപി റാങ്കിലുള്ള ആദ്യത്തെ ഉയർന്ന ഉദ്യോഗസ്ഥനാണ് ടോമിൻ ജെ തച്ചങ്കരി. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരവിൽ കവിഞ്ഞ് 64.70 ലക്ഷം രൂപയുടെ സ്വത്ത് (ഏകദേശം 135% ലധികം അധിക സ്വത്ത്) സമ്പാദിച്ചെന്നാണ് കേസ്.
കോട്ടയം വിജിലൻസ് കോടതി നാല് വർഷം തടവും 30.84 ലക്ഷം രൂപ പിഴയുമാണ് തച്ചങ്കരിക്ക് ശിക്ഷ വിധിച്ചത്. തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.