Banner Ads

മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജപ്രചാരണം; ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി

കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന വ്യാജപ്രചാരണത്തിന് കേസ്. റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം സൈബർ സെൽ എടുത്ത കേസ് കളമശ്ശേരി പൊലീസിലേക്ക് മാറ്റി പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

രാജു പി നായർ നൽകിയ പരാതിയിലാണ് നടപടി. മാനഹാനി വരുത്താൻ വ്യാജരേഖ ഉണ്ടാക്കൽ, വ്യാജരേഖയാണെന്ന് അറിഞ്ഞിട്ടും അത് യഥാർത്ഥമെന്ന രീതിയിൽ കൈവശം വെക്കലും ഉപയോഗിക്കലും, അപകീർത്തിപ്പെടുത്തലും വ്യാജവാർത്ത പ്രചരിപ്പിക്കലും, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് വ്യാജരേഖ ചമച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ നടന്ന വ്യാജപ്രചാരണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് മുഴുവൻ ഉത്തരവാദികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പരാതിക്കാരനായ രാജു പി നായർ ആവശ്യപ്പെട്ടു.