
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനായി കേരളത്തിന് മേൽ സമ്മർദം ശക്തമാക്കി കേന്ദ്ര സർക്കാർ വീണ്ടും കത്തയച്ചു. പദ്ധതിയുടെ ഭാഗമായി തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. പുതിയ സർക്കാർ അധികാരമേറ്റ ശേഷം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന രണ്ടാമത്തെ കത്താണിത്.
വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനും പദ്ധതി നടപ്പാക്കേണ്ടതുണ്ടെന്ന് കത്തിൽ പറയുന്നു. കേരളം ഇതിനകം തന്നെ ധാരണപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ടെന്ന കാര്യവും കേന്ദ്രം ഓർമ്മിപ്പിച്ചു. ഇതിൻറെ ഭാഗമായി നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും കേന്ദ്രം കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിനെതിരെ കെപിസിസി ഭാരവാഹി യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ എതിർപ്പുന്നയിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ഈ വിഷയത്തിലെ മുൻ നിലപാടുകൾ ഘടകമായിട്ടുണ്ടെന്നും അതിനാൽ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
എന്നാൽ പദ്ധതിയിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ കഴിയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് വിജയത്തിന് കാരണം പിഎം ശ്രീ വിഷയം മാത്രമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടി നൽകി.
മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകളും പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം കേന്ദ്രത്തിന് മുന്നിൽ വ്യക്തമായ ഉപാധികൾ വച്ചുകൊണ്ട് മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്നും യോഗത്തിൽ ഉറപ്പുനൽകി.