Banner Ads

പാലക്കാട് മെഡിക്കൽ കോളേജ് സമരം ഒത്തുതീർപ്പായി; ആവശ്യങ്ങൾ അംഗീകരിച്ച് ഡയറക്ടർ

പാലക്കാട് : പാലക്കാട് മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് ഹൗസ് സർജന്മാർ നടത്തിവന്ന സമരം ഒത്തുതീർപ്പായി. മെഡിക്കൽ കോളേജ് ഡയറക്ടറുമായി വിദ്യാർത്ഥി പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ആവശ്യമായ മരുന്നുകൾ അടിയന്തരമായി ലഭ്യമാക്കാമെന്നും എക്സ്റേ, ലബോറട്ടറി സൗകര്യങ്ങൾ ഉടൻ തന്നെ സജ്ജമാക്കാമെന്നും ഡയറക്ടർ ഉറപ്പുനൽകി.

അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം സുഗമമായി ഏകോപിപ്പിക്കുന്നതിനായി ഹൗസ് സർജന്മാരുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി പുതിയ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാനും ചർച്ചയിൽ തീരുമാനമായി. അതിനിടെ, അത്യാഹിത വിഭാഗത്തിലെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ രാജി സമർപ്പിച്ചു.

കാഷ്വാലിറ്റി സൂപ്രണ്ട്, ആർഎംഒ, അസിസ്റ്റന്റ് ആർഎംഒ എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്. ഡയറക്ടറുടെ ഉറപ്പുകളുടെയും ഉദ്യോഗസ്ഥരുടെ രാജിയുടെയും പശ്ചാത്തലത്തിൽ സമരം അവസാനിപ്പിച്ച് വിദ്യാർത്ഥികൾ ജോലിയിൽ പ്രവേശിച്ചു.