
കോഴിക്കോട് : താമരശ്ശേരിയിലെ സ്‌പായിൽ കയറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ആരോപണത്തിൽ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ഫാസിലിനെതിരെയാണ് നടപടി സ്വീകരിച്ചത്.
സ്ഥാപനത്തിലെത്തിയ മുഹമ്മദ് ഫാസിൽ പണം നൽകിയില്ലെങ്കിൽ സ്‌പാ പൂട്ടിച്ച് കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് 1500 രൂപ കൈക്കലാക്കിയാണ് ഇയാൾ അവിടെനിന്ന് മടങ്ങിയത്. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് നടത്തുന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ പൊലീസ് മേധാവിയുടെ നടപടി.
ഉദ്യോഗസ്ഥനെതിരെ വിശദമായ വകുപ്പുതല അന്വേഷണം തുടരുമെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി. പൊലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള ഇത്തരം നടപടികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.