Banner Ads

72-ാമത് നെഹ്റു ട്രോഫി ജലമേള: അരോമ ചുണ്ടന് കിരീടം; ഫൈനലിൽ പുന്നമടക്കായലിനെ ആവേശത്തിലാഴ്ത്തി മിന്നൽ പ്രകടനം

ആലപ്പുഴ: വാശിയേറിയ പോരാട്ടത്തിനൊടുവിൽ 72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജലരാജാവായി. ഫൈനൽ മത്സരത്തിൽ 4 മിനിറ്റും 22 സെക്കൻഡും കൊണ്ട് ഫിനിഷ് ചെയ്താണ് അരോമ ട്രോഫി സ്വന്തമാക്കിയത്. കരുത്തരായ യുണൈറ്റഡ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം, പി.ബി.സി പള്ളാത്തുരുത്തിയുടെ മേൽപ്പാടം, പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം എന്നിവരെ പിന്നിലാക്കിയാണ് അരോമ ചരിത്ര വിജയം കുറിച്ചത്.

ആറ് ഹീറ്റ്സുകളിൽ നിന്ന് കുറഞ്ഞ സമയം കൊണ്ട് ഫിനിഷ് ചെയ്ത നാല് വള്ളങ്ങളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതെത്തി (സമയം: 4:20 മിനിറ്റ്). തലവടി, ശ്രീവിനായകൻ, ആയാപറമ്പ് പാണ്ടി എന്നിവരായിരുന്നു ഈ ഹീറ്റ്സിലെ മറ്റു വള്ളങ്ങൾ.

ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി (സമയം: 5:06 മിനിറ്റ്). ദിവാൻജി, നാട്ടകം എഫ്.സി, വെള്ളംകുളങ്ങര എന്നിവരെ പിന്നിലാക്കിയെങ്കിലും സമയപരിധി കാരണം ചമ്പക്കുളത്തിന് ഫൈനലിൽ കടക്കാനായില്ല.മേൽപ്പാടം ചുണ്ടൻ (പി.ബി.സി പള്ളാത്തുരുത്തി) ഒന്നാമതെത്തി (സമയം: 4:14 മിനിറ്റ്). ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ രണ്ടാമതെത്തിയ നടുഭാഗം ചുണ്ടൻ (പുന്നമട ബോട്ട് ക്ലബ്) 4:16 മിനിറ്റിൽ ഫിനിഷ് ചെയ്തു.

മികച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ ഇരു വള്ളങ്ങളും ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.കായൽപ്പരപ്പിൽ ആയിരക്കണക്കിന് കാണികളെ സാക്ഷി നിർത്തി നടന്ന ആവേശകരമായ ഫൈനലിലാണ് അരോമ ചുണ്ടൻ അന്തിമ വിജയം കൊയ്തത്.