
കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് കണ്ണൂർ സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചു. തലശ്ശേരി സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്. എന്നാൽ, മറ്റു കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ അർജുൻ ആയങ്കി ജയിലിൽ തന്നെ തുടരും.ജാമ്യം ലഭിച്ചെങ്കിലും അർജുൻ ആയങ്കിക്കെതിരെ ‘കാപ്പ’ (KAAPA) ചുമത്തിയതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കാനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി.
നിലവിൽ തലശ്ശേരി സബ് ജയിലിൽ കഴിയുന്ന അർജുനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. അർജുൻ ആയങ്കിക്ക് ഇന്ന് കാപ്പ നോട്ടീസ് ഔദ്യോഗികമായി കൈമാറും.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററിയും പരിഗണിച്ച് ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് അർജുനെതിരെ കാപ്പ ചുമത്താൻ ഉത്തരവിട്ടത്.
കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു. ജാമ്യത്തിലിറങ്ങിയാൽ ഇയാൾ വീണ്ടും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് കരുതലോടെയുള്ള ഈ നീക്കം.