
തൃശൂർ: കുട്ടികൾക്കും യുവാക്കൾക്കും വിൽക്കാൻ സൂക്ഷിച്ച കഞ്ചാവുമായി മാളയിൽ യുവാവ് പിടിയിൽ. മാള കനകക്കുന്ന് സ്വദേശി പള്ളികൂടം വീട്ടിൽ പ്രണവിനെയാണ് (21) മാള പോലീസ് അറസ്റ്റ് ചെയ്തത്. കനകക്കുന്ന് റോഡിന് സമീപം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 55.45 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകാൻ ശ്രമിച്ചതിനെ തുടർന്ന് എൽ.ഡി.പി.എസ് (NDPS) ആക്ടിന് പുറമെ, ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ സെക്ഷൻ 77 കൂടി പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മാള പോലീസ് സ്റ്റേഷൻ എസ്.ഐ അനിൽകുമാർ ഒ.പി, ജി.എസ്.സി.പി.ഒ ജിജീഷ് എം.എസ്, സി.പി.ഒ നിനൽ, ഹോംഗാർഡ് വിനോദ് പി.ടി എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കും അറസ്റ്റിനും നേതൃത്വം നൽകിയത്.