Banner Ads

72-ാമത് നെഹ്റു ട്രോഫി ജലമേള ഇന്ന്; പുന്നമടക്കായലിൽ പോരാട്ടച്ചൂട്

ആലപ്പുഴ: കായലോളങ്ങളെ ആവേശത്തിലാഴ്ത്തി 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് പുന്നമടക്കായൽ ഒരുങ്ങി. മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു . 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ആകെ 71 വള്ളങ്ങളാണ് ഇത്തവണത്തെ ജലമേളയിൽ മാറ്റുരയ്ക്കുന്നത്.

കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരാണ് ചടങ്ങിലെ മുഖ്യാതിഥികൾ.ജലമേള പ്രമാണിച്ച് ഇന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.ജില്ലയിലെ KSEB ഓഫീസുകളും ക്യാഷ് കൗണ്ടറുകളും ഇന്ന് പ്രവർത്തിക്കില്ല. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല

.രാവിലെ 9:00 മണി മുതൽ ആലപ്പുഴ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ജില്ലാ കോടതിപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് 1:00 മുതൽ വൈകിട്ട് 6:00 വരെ ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് പ്രവേശിക്കില്ല.ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി YMCA, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കോട്ട് പോകണം.

ജനറൽ ആശുപത്രി, YMCA ജംഗ്ഷനുകൾ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി യാത്രക്കാരെ ഇറക്കി ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി തിരികെ പോകണം.കൈതവന ജംഗ്ഷനിൽ നിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷൻ വഴി ആളുകളെ ഇറക്കി ജനറൽ ആശുപത്രി തെക്കേ ജംഗ്ഷനിൽ നിന്ന് തിരികെ പോകേണ്ടതാണ്.

വള്ളംകളി കാണാനെത്തുന്ന പ്രേക്ഷകർക്കായി റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പോലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശമുള്ള എലിവേറ്റഡ് ബൈപ്പാസിന് താഴെയുമാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. കൂടാതെ, കാണികൾക്ക് ബോട്ട് ജെട്ടിയിൽ എളുപ്പത്തിൽ എത്തിച്ചേരാൻ ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് കൃത്യമായ ഇടവേളകളിൽ KSEB/KSRTC ഫീഡർ ബസ് സർവീസുകളും ലഭ്യമാണ്.