Banner Ads

എംഎൽഎമാർക്കുള്ള സൗജന്യ കാർ പദ്ധതി തള്ളി ഡിഎംകെ; വിജയ് സർക്കാരിനെതിരെ ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ എംഎൽഎമാർക്കായി മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച സൗജന്യ കാർ പദ്ധതി നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ. പാർട്ടിയുടെ 59 എംഎൽഎമാരും സർക്കാരിന്റെ ഈ ആനുകൂല്യം സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (ടിവികെ) ഡിഎംകെയും തമ്മിൽ ഇതോടെ രാഷ്ട്രീയ പോര് രൂക്ഷമായി.

മുൻ സർക്കാരിന്റെ കാലത്തെ സാമ്പത്തിക ബാധ്യത നിലനിൽക്കുന്നു എന്ന് ആവർത്തിക്കുന്ന വിജയ് സർക്കാർ, ഇത്തരത്തിൽ അനാവശ്യ ചെലവുകൾ നടത്തുന്നത് വൈരുദ്ധ്യമാണെന്ന് ഉദയനിധി സ്റ്റാലിൻ വിമർശിച്ചു.എല്ലാ ജനപ്രതിനിധികൾക്കും സൗജന്യ കാർ നൽകുന്നതിന് പകരം, എംഎൽഎമാരുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ച് അർഹരായവർക്ക് മാത്രം കാർ നൽകണമെന്നാണ് ഡിഎംകെയുടെ നിലപാട്.

സംസ്ഥാനത്തെ 234 എംഎൽഎമാരെയും ഒരുപോലെ കാണാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് മന്ത്രി ആധവ് അർജുന വ്യക്തമാക്കി.വിസികെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയ ചെറുപാർട്ടികളിലെ പല എംഎൽഎമാരുടെയും സാമ്പത്തിക സ്ഥിതി മോശമാണെന്നും, മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾക്ക് കാർ ആഡംബരമല്ല മറിച്ച് അത്യന്താപേക്ഷിതമായ ആവശ്യമാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി