Banner Ads

യുജിസി നെറ്റ് ചോദ്യങ്ങൾ തയ്യാറാക്കിയത് AI ഉപയോഗിച്ച്; എന്‍ടിഎക്കെതിരെ ഗുരുതര ആരോപണവുമായി വിദഗ്ധർ

ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) ഗുരുതര ആരോപണങ്ങളുമായി മുൻ വിഷയ വിദഗ്ധർ രംഗത്ത്. നെറ്റ് പരീക്ഷകളുടെ ചോദ്യപേപ്പറും തർജ്ജമകളും ഭൂരിഭാഗവും തയ്യാറാക്കിയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചാണെന്നാണ് ആരോപണം. AI വഴി തയ്യാറാക്കിയ ചോദ്യങ്ങൾ പരിശോധിക്കാൻ മതിയായ അക്കാദമിക് പാനലുകൾ ഉണ്ടായിരുന്നില്ലെന്നും, ഇതാണ് ചോദ്യപേപ്പറിൽ വ്യാപകമായ തെറ്റുകൾ വരാൻ കാരണമെന്നും വിദഗ്ധർ ആരോപിക്കുന്നു.

ഈ പിഴവുകൾ കാരണമാണ് ഉത്തരസൂചിക പുറത്തുവിടാൻ എന്‍ടിഎ വൈകിയതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.എന്നാൽ, ഈ ആരോപണങ്ങൾ എന്‍ടിഎ പൂർണ്ണമായി തള്ളി. ചോദ്യപേപ്പർ തയ്യാറാക്കാൻ AI ഉപയോഗിച്ചിട്ടില്ലെന്നും നിലവിലെ ഉത്തരസൂചികാ സംവിധാനം നീതിപൂർവ്വമാണെന്നും എൻടിഎ വ്യക്തമാക്കി. ഉയർന്നു വന്ന ആക്ഷേപങ്ങൾ വിദഗ്ധ സമിതി പരിശോധിക്കുമെന്നും പരാതികൾ പരിഗണിച്ച ശേഷം മാത്രമേ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കൂവെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇംഗ്ലീഷ്, കോമേഴ്‌സ്, സോഷ്യോളജി നെറ്റ്‌ ചോദ്യപേപ്പറുകളിൽ ഗുരുതര അബദ്ധങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഈ പരീക്ഷകൾ നേരത്തെ റദ്ദാക്കിയിരുന്നു.

അതിനിടെ, റായ്പുർ ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിൽ ബിഎസ്എസി അഗ്രികൾച്ചർ രണ്ടാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തി. 34 കോളേജുകളിൽ നടന്ന പരീക്ഷയുടെ ചോദ്യങ്ങളാണ് വാട്സാപ്പിലൂടെ പ്രചരിച്ചത്. പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി 70 ശതമാനത്തോളം സാമ്യമുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് സംഭവത്തിൽ സർവകലാശാല അന്വേഷണം ആരംഭിച്ചു.