
ബെംഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 36 റെയിൽവേ സ്റ്റേഷനുകളിലെ കാന്റീനുകളിലും ഫുഡ് സ്‌റ്റാളുകളിലുമായിരുന്നു പരിശോധന. അനാസ്ഥ കാണിച്ച കേന്ദ്രങ്ങളിൽ നിന്ന് പഴകിയതും വൃത്തിഹീനവുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
പൂപ്പൽ ബാധിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ തൈരുമാണ് പലയിടത്തും പാചകത്തിനായി ഉപയോഗിച്ചിരുന്നത്.ഇഡ്ഡലി, സമൂസ തുടങ്ങിയ പലഹാരങ്ങൾ അതീവ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നത്.കെആർ പുരത്തെ ഫുഡ് സ്റ്റാളിൽ വൻ തോതിലുള്ള ശുചിത്വ ലംഘനങ്ങളാണ് കണ്ടെത്തിയത്. പാചകവും വിതരണവും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
മൈസൂരു-ഹാവേരി സെക്ഷനിലാണ് ഏറ്റവും കൂടുതൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അതേസമയം, ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് എക്‌സ്പ്രസിൽ നടത്തിയ പരിശോധനയിൽ സർവീസ് പൂർണമായും വിജയിച്ചു. ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉയർന്ന നിലവാരം പുലർത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ സർവീസിന് ക്ലീൻ ചിറ്റ് നൽകി.