Banner Ads

മുത്തങ്ങ കേസ്: എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: മുത്തങ്ങ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന പ്രാഥമിക നിരീക്ഷണത്തോടെയാണ് ഹൈക്കോടതിയുടെ നടപടി.ശിക്ഷാ നടപടികൾ മരവിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതികൾ ഓരോരുത്തരും 46,000 രൂപ വീതം കോടതിയിൽ കെട്ടിവയ്ക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ശിക്ഷാവിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി പിന്നീട് വിശദമായ വാദം കേൾക്കും.വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി എം. ഗീതാനന്ദൻ അടക്കം നാല് പ്രതികൾക്ക് 5 വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു.

2003 ഫെബ്രുവരി 19-നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിനിടെ സംഘർഷമുണ്ടാകുന്നതും കെ.വി. വിനോദ് എന്ന പോലീസുകാരൻ കൊല്ലപ്പെടുന്നതും.പൊലീസ് ഉദ്യോഗസ്ഥനായ സലാമിനെ വധിക്കാൻ ശ്രമിച്ചു എന്ന കേസിലാണ് നിലവിൽ ഹൈക്കോടതിയുടെ ആശ്വാസ നടപടി ഉണ്ടായിരിക്കുന്നത്. സി.കെ. ജാനുവും എം. ഗീതാനന്ദനും നയിച്ച മുത്തങ്ങ സമരം കേരള ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ആദിവാസി ഭൂസമരങ്ങളിലൊന്നാണ്.