
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിൽ നിന്ന് പുറത്തേക്ക് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുൻവശത്തെ വാതിൽ പെട്ടെന്ന് തുറന്നുപോയതാണ് അപകടത്തിന് കാരണമായത്.
വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ തന്നെ അതേ ബസ്സിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടർമാർ അറിയിച്ചു.രാവിലെ വലിയ യാത്രക്കാരുടെ തിരക്കുള്ള സമയത്തായിരുന്നു സംഭവം. മുൻവശത്തെ വാതിലിലൂടെ ബസ്സിൽ കയറിയ വിദ്യാർത്ഥിനി വാതിൽ അടച്ചെങ്കിലും കൃത്യമായി ലോക്ക് ആയിരുന്നില്ല.
ബസ് മുന്നോട്ട് എടുത്തതോടെ വാതിൽ സ്വയം തുറക്കുകയും വിദ്യാർത്ഥിനി പുറത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നു.യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തുകയും, പരിക്കേറ്റ വിദ്യാർത്ഥിനിയെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു