
തിരുവനന്തപുരം : ജാർഖണ്ഡിന് മുകളിലെ തീവ്ര ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ന് കാസർകോട്, കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 1.3 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.