Banner Ads

തിരുവനന്തപുരം പ്ലാമൂട്ടിൽ വൻ തീപിടുത്തം; ചൂരൽ ഫർണിച്ചർ ഗോഡൗൺ കത്തിനശിച്ചു, ബിസിനസ് വൈരാഗ്യമെന്ന് ഉടമ

തിരുവനന്തപുരം : പ്ലാമൂട്ടിൽ ചൂരൽ ഫർണിച്ചറുകൾ വിൽക്കുന്ന ഗോഡൗണിൽ വൻ തീപിടുത്തം. ബിസിനസ് വൈരാഗ്യത്തിന്റെ പേരിൽ ആരോ മനപ്പൂർവ്വം തീയിട്ടതാണെന്നും നേരത്തെ മൂന്നുതവണ കടയ്ക്ക് തീപിടിച്ചിട്ടുണ്ടെന്നും കടയുടമ ജോയ് പറഞ്ഞു. ഓണത്തിനായി ഇറക്കിയിട്ട ഫർണിച്ചറുകൾ ആണ് കത്തിയത്.

കടയ്ക്കുള്ളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നുവെന്നും സഹോദരങ്ങളുടെ കടയിലും മുൻപ് സമാന രീതിയിൽ തീപിടുത്തം ഉണ്ടായിട്ടുണ്ടെന്നും ജോയ് പറഞ്ഞു. തീപിടിക്കുന്ന സമയത്ത് ജീവനക്കാർ കടയിലുണ്ടായിരുന്നു. ഇവരാണ് ആദ്യം പുക കണ്ടത്. ആർക്കും പരിക്കേറ്റിട്ടില്ല. ഫയർഫോഴ്സിന്റെ നാല് യൂണിറ്റുകൾ ഓക്സിജൻ മാസ്ക് ഉപയോഗിച്ച് ഗോഡൗണിനുള്ളിൽ പ്രവേശിച്ചാണ് തീ അണച്ചത്.

കടയുടെ പകുതിയിലേറെ ഭാഗവും കത്തിനശിച്ചു. അതേസമയം, സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് തിരുവനന്തപുരം നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക് ആവശ്യപ്പെട്ടു. 20 ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ ഗോഡൗണിൽ ഉണ്ടെന്നാണ് മനസിലാക്കുന്നത്.