
തിരുവനന്തപുരം : കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പതിനാറാം ദിവസത്തിലേക്ക് കടക്കുമ്പോഴും നടപടികൾ മന്ദഗതിയിലെന്ന് ആക്ഷേപം. അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, പുല്ലുവിള സ്വദേശി ജോൺ എന്നിവരെയാണ് ഇനിയും കണ്ടെത്താൻ കഴിയാത്തത്.
തിരച്ചിൽ ഊർജിതമാക്കുമെന്ന ഫിഷറീസ് മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കുടുംബങ്ങളുടെയും പ്രദേശവാസികളുടെയും പരാതി. വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് ഇരുകുടുംബങ്ങളെയും സന്ദർശിച്ച ഫിഷറീസ് മന്ത്രി തിരച്ചിൽ ശക്തമാക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ഏകോപനമടക്കമുള്ള തുടർനടപടികൾ ഉണ്ടായില്ല.
വിഴിഞ്ഞത്തുനിന്ന് കാണാതായ ജോണിനായുള്ള അന്വേഷണത്തിൽ സർക്കാർ അലംഭാവം തുടരുകയാണെന്ന് ആക്ഷേപമുണ്ട്. തമിഴ്‌നാട്ടിലെ രാമേശ്വരം തീരത്ത് അന്വേഷണം വ്യാപിപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടും ഫിഷറീസ് വകുപ്പ് തുടർനടപടികൾ സ്വീകരിച്ചിട്ടില്ല.
മുതലപ്പൊഴിയിൽ കാണാതായ ഷിജിനുവേണ്ടി പൊഴിയുടെ ഭാഗത്തെ കല്ലുകൾക്കിടയിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രാദേശിക മത്സ്യത്തൊഴിലാളികളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.