Banner Ads

ബസിൽ ഗൂഗിൾ പേ ഇല്ലെന്ന് പറഞ്ഞതിന് കണ്ടക്ടർക്ക് ക്രൂര മർദനം; പ്രതി പോലീസ് കസ്റ്റഡിയിൽ

കൂത്തുപറമ്പ്: ബസ് ടിക്കറ്റിന് ഗൂഗിൾ പേ (UPI) വഴി പണം നൽകാൻ സൗകര്യമില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ ക്രൂരമായ ആക്രമണം. മർദനത്തിൽ തൃക്കണ്ണാപുരം സ്വദേശി വി.വി. രാഘവന്റെ (68) മൂക്കിന്റെ പാലത്തിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂത്തുപറമ്പ്-പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘സൺ സ്റ്റാർ’ ബസിൽ പാനൂരിലേക്കുള്ള യാത്രയ്ക്കിടെ പാറാലിൽ വെച്ചാണ് സംഭവം. ഗൂഗിൾ പേ വഴിയുള്ള ഡിജിറ്റൽ പണമിടപാട് സാധ്യമല്ലെന്ന് കണ്ടക്ടർ അറിയിച്ചതിനെത്തുടർന്ന് പ്രകോപിതനായ പാനൂർ വൈദ്യർ പീടിക സ്വദേശി രമീഷ്, രാഘവന്റെ മൂക്കിലേക്ക് ശക്തമായി ഇടിക്കുകയായിരുന്നു.

തടയാൻ ശ്രമിച്ച ബസ് ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കും നേരെ പ്രതി അക്രമം അഴിച്ചുവിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൂത്തുപറമ്പ് പോലീസ് പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തുമ്പോൾ പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി