
ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവർക്ക് നേരെ വെടിയുതിർത്തത്. വന്യമൃഗങ്ങളെ വേട്ടയാടാൻ എത്തിയ സംഘത്തിന് നേരെയാണ് വെടിവെപ്പുണ്ടായതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിശദീകരണം.
എന്നാൽ വനംവകുപ്പിന്റെ വാദം തള്ളി പ്രദേശവാസികൾ രംഗത്തെത്തി. സംഭവത്തിന് പിന്നാലെ വൻ പ്രതിഷേധമാണ് പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ടത്. പ്രകോപിതരായ നാട്ടുകാർ വനംവകുപ്പ് ഓഫീസിന് നേരെ ആക്രമണം നടത്തുകയും കെട്ടിടവും ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. മേഖലയിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മുൻകരുതലെന്ന നിലയിൽ വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.