
മൈൻപുരി : ഉത്തർപ്രദേശിലെ മൈൻപുരിയിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ 22കാരന് ജീവപര്യന്തം കഠിനതടവ്. ബെവാർ സ്വദേശിയായ കരൺ (അലോക്) എന്നയാളെയാണ് മൈൻപുരി പോക്സോ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
തെളിവുകളുടെ അഭാവത്തിൽ കേസിൽ പ്രതി ചേർത്തിരുന്ന ഇയാളുടെ പിതാവിനെയും സുഹൃത്തിനെയും പ്രത്യേക പോക്സോ കോടതി ജഡ്ജി ജഹേന്ദ്ര പാൽ സിങ് വെറുതെവിട്ടു. 2025 മേയ് 15നാണ് സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ പ്രതി തടഞ്ഞുനിർത്തി വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
അതിക്രമം ചെറുക്കാൻ നിലവിളിച്ച പെൺകുട്ടിയെ ഇയാൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പിതാവിന്റെ സഹായത്തോടെ പെൺകുട്ടിയുടെ ഷാൾ ഉപയോഗിച്ച് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി.
പിന്നാലെ പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് മകൾ ആത്മഹത്യ ചെയ്തുവെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സാക്ഷിമൊഴികളും രേഖാമൂലമുള്ള തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.