Banner Ads

പാലാ നഗരസഭയിൽ വീണ്ടും രാഷ്ട്രീയ മാറ്റം; ചെയർപേഴ്സണായി മായാ രാഹുൽ മത്സരിക്കും, പിന്തുണച്ച് എൽഡിഎഫും കോൺഗ്രസ് വിമതരും

കോട്ടയം : പാലാ നഗരസഭയിൽ പുതിയ ചെയർപേഴ്സണെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഈ മാസം 19ന് നടക്കും. സ്വതന്ത്ര കൗൺസിലറായ മായാ രാഹുലാണ് മത്സരിക്കുന്നത്. എൽഡിഎഫ് അംഗങ്ങളുടെയും കോൺഗ്രസ് വിമതരുടെയും പിന്തുണ മായാ രാഹുലിനായിരിക്കും. 26 അംഗ കൗൺസിലിൽ 17 പേരുടെ ഉറച്ച പിന്തുണയാണ് മായയ്ക്ക് ലഭിക്കുന്നത്.

പാലാ മുനിസിപ്പൽ കൗൺസിലിലേക്ക് ഇത് രണ്ടാം തവണയാണ് മായാ രാഹുൽ തിരഞ്ഞെടുക്കപ്പെടുന്നത്. 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയെന്ന ശ്രദ്ധനേടിയ ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായതോടെയാണ് പുതിയ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിന് വഴിതുറന്നത്.

ചർച്ചയിൽ പങ്കെടുക്കരുതെന്ന പാർട്ടി വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് കൗൺസിലർമാരും നഗരസഭാ ഉപാധ്യക്ഷയും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. അവിശ്വാസ വോട്ടെടുപ്പിൽ 17 പേർ പ്രമേയത്തെ അനുകൂലിച്ചതോടെയാണ് യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണം വീണത്.