Banner Ads

ചിരിയുടെ പൂരപ്പറമ്പാകാൻ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; നിവിൻ പോളിക്കൊപ്പം മമിതയും

കൊച്ചി : നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓണം റിലീസായി തിയേറ്ററുകളിലേക്ക്. ഓഗസ്റ്റ് 21ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ഒരു റൊമാന്റിക്-കോമഡി വിഭാഗത്തിലൊരുങ്ങുന്ന ചിത്രം പ്രേക്ഷകർക്ക് തിയേറ്ററുകളിൽ ചിരിവിരുന്ന് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം പ്രേമലുവിന് ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണിത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമ ചിത്രീകരിച്ചത്. ഛായാഗ്രഹണം: അജ്മൽ സാബു, സംഗീതം: വിഷ്ണു വിജയ്, എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗ്ഗീസ്, ഗാനരചന: വിനായക് ശശികുമാർ, മേക്കപ്പ് & കോസ്റ്റ്യൂം: റോണക്സ് സേവ്യർ, ധന്യ ബാലകൃഷ്ണൻ, പിആർഒ: ആതിര ദിൽജിത്ത്