Banner Ads

പദ്മനാഭമണ്ണിലേക്ക് മറ്റൊരു ചരിത്രനേട്ടം കൂടി; സ്ഥിരം തപാൽ മുദ്ര ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രമായി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം : ചരിത്രപ്രസിദ്ധമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വാസ്തുവിദ്യാ പൈതൃകവും ആത്മീയ പ്രാധാന്യവും വരുംതലമുറകൾക്കായി അടയാളപ്പെടുത്താൻ തപാൽ വകുപ്പ്.

തപാൽ വകുപ്പ് കേരള സർക്കിളിന്റെ ആഭിമുഖ്യത്തിൽ സ്ഥിരം തപാൽ മുദ്രയും (പെർമനന്റ് പിക്ചോറിയൽ ക്യാൻസലേഷൻ) പ്രീമിയം പ്രത്യേക കവറും ഓഗസ്റ്റ് 10ന് രാവിലെ 11 മണിക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പ്രകാശനം ചെയ്യും.

ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള ശ്രീ പദ്മനാഭസ്വാമിയുടെ രൂപവുമാണ് സ്ഥിരം തപാൽ മുദ്രയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനൊപ്പം സംസ്ഥാന മൃഗം, സംസ്ഥാന പക്ഷി എന്നിവ ചിത്രീകരിച്ച പോസ്റ്റ് കാർഡുകളും ചടങ്ങിൽ പ്രകാശനം ചെയ്യും.

ഇതോടെ കേരളത്തിൽ സ്ഥിരം തപാൽ മുദ്ര ലഭിക്കുന്ന നാലാമത്തെ ക്ഷേത്രമെന്ന ബഹുമതി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് സ്വന്തമാകും. ഓഗസ്റ്റ് 10 മുതൽ തിരുവനന്തപുരം ഫോർട്ട് പോസ്റ്റ് ഓഫീസിൽ നിന്ന് അയയ്ക്കുന്ന എല്ലാ കത്തുകളിലും പാഴ്സലുകളിലും ഈ പ്രത്യേക മുദ്ര പതിക്കും.

തപാൽ പ്രേമികൾക്കും ഭക്തർക്കും വിനോദസഞ്ചാരികൾക്കും ഇവ സ്വന്തമാക്കാം. തിരുവനന്തപുരം നെല്ലുപുര പാഞ്ചജന്യത്തിൽ നടക്കുന്ന ചടങ്ങിൽ തപാൽ സർക്കിൾ ചീഫ് പോസ്റ്റ്‌മാസ്റ്റർ ജനറൽ അമിതാഭ് സിംഗ് സ്വാഗതം ആശംസിക്കും.

നഗരസഭ മേയർ വി വി രാജേഷ്, ക്ഷേത്ര ഭരണസമിതി ചെയർമാൻ അനിൽ കുമാർ കെ പി, ഭരണസമിതി അംഗങ്ങളായ ആദിത്യ വർമ്മ, കരമന ജയൻ, കൗൺസിലർ ഹരികുമാർ, പോസ്റ്റൽ സർവീസസ് ഡയറക്ടർ എൻ ആർ ഗിരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.