Banner Ads

ജീവിതത്തിലും മരണത്തിലും വേർപിരിയാതെ; ഭർത്താവിന്റെ സംസ്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഭാര്യയും മരിച്ചു

തിരുവനന്തപുരം : ജീവിതത്തിലും മരണത്തിലും തങ്ങളെ വേർപിരിക്കാനാകില്ലെന്ന് തെളിയിച്ച് ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ (മണിയൻ-74), ഭാര്യ ശ്യാമള (70) എന്നിവരാണ് ഒരേ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. ശ്യാമള രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്നു. രോഗബാധിതനായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് രവീന്ദ്രനെ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച അർധരാത്രിയോടെയാണ് രവീന്ദ്രൻ മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ നെടുമങ്ങാട് ശാന്തികവാടത്തിൽ രവീന്ദ്രന്റെ സംസ്കാരച്ചടങ്ങുകൾ നടന്നു. ഭർത്താവിന്റെ സംസ്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ശ്യാമളയും മരിച്ചു.

രാവിലെ പത്തുമണിയോടെയായിരുന്നു മരണം. ഉച്ചയ്ക്ക് 2.30ഓടെ ഭർത്താവിന് നിത്യനിദ്രയൊരുക്കിയ അതേ ശാന്തികവാടത്തിൽ തന്നെ ശ്യാമളയുടെ സംസ്കാരച്ചടങ്ങുകളും നടന്നു.