
കൊച്ചി: കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയായ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ൽ കളമശ്ശേരി, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശി സിക്കന്ദർ മൊല്ല (47), തൃക്കാക്കര സ്വദേശി സുർജിത്ത് ടി.എസ് (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ഇടപ്പള്ളി ഗ്രാൻഡ് മാളിന് സമീപത്തു നിന്നാണ് 20.272 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ സിക്കന്ദർ മൊല്ല പിടിയിലാകുന്നത്.
ഇടപ്പള്ളിയിൽ ആക്രിക്കച്ചവടം നടത്തുന്ന ഇയാൾ, ഇതിന്റെ മറവിലാണ് വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കളമശ്ശേരി വിടാകുഴ അമ്പാട്ടു ലൈനിന് സമീപത്തു നിന്നാണ് 6.08 ഗ്രാം എം.ഡി.എം.എ -യുമായി തൃക്കാക്കര കരിമക്കാട് സ്വദേശി സുർജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ സുർജിത്തിനെതിരെ കാപ്പ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡി.സി.പിമാരായ അശ്വതി ജിജി, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് (DANSAF) ടീമാണ് പ്രതികളെ വലയിലാക്കിയത്.