Banner Ads

അച്ചൻകോവിലിൽ കെഎസ്ആർടിസി ബസിന് നേരെ കാട്ടാന പാഞ്ഞടുത്തു; സമയോചിതമായി ബസ് പിന്നോട്ടെടുത്ത് ഡ്രൈവർ, ഒഴിവായത് വൻ ദുരന്തം

കൊല്ലം: പുനലൂർ-അച്ചൻകോവിൽ പാതയിൽ കെഎസ്ആർടിസി ബസിന് മുന്നിൽ നിലയുറപ്പിച്ച് കാട്ടാനയുടെ ഭീതി പരത്തുന്ന സാന്നിധ്യം. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. പുനലൂരിൽ നിന്നും അച്ചൻകോവിലേക്ക് പോവുകയായിരുന്ന ബസിന് മുന്നിലേക്ക് അപ്രതീക്ഷിതമായി കാട്ടാന കടന്നുവരികയായിരുന്നു.

ആന വഴിമാറി കാട്ടിലേക്ക് പോകുമെന്ന പ്രതീക്ഷയിൽ കെഎസ്ആർടിസി ബസും മറ്റ് വാഹനങ്ങളും അരമണിക്കൂറോളമാണ് റോഡിൽ കാത്തുകിടന്നത്. എന്നാൽ കാട് കയറാൻ കൂട്ടാക്കാതിരുന്ന കാട്ടാന പെട്ടെന്ന് ബസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഡ്രൈവർ സമയോചിതമായി ബസ് ഏറെ ദൂരം പിന്നോട്ടെടുത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. ബസിൽ നിന്നും ശ്രദ്ധ മാറിയതോടെ ആന പിന്മാറി കാട്ടിലേക്ക് മറഞ്ഞു. തുടർന്ന് അരമണിക്കൂറിലേറെ വൈകിയാണ് വാഹനങ്ങൾ യാത്ര പുനരാരംഭിച്ചത്.

വനപാലകർക്കെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരും പ്രദേശവാസികളും വിവരം അറിയിച്ചിട്ടും വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയില്ലെന്ന് ആക്ഷേപമുണ്ട്. മേഖലയിൽ വന്യമൃഗശല്യം അതീവ രൂക്ഷമായി തുടരുമ്പോഴും, വിവരമറിയിച്ചാൽ വനപാലകർ സ്ഥലത്തെത്താറില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. വന്യമൃഗ ആക്രമണ ഭീഷണി നിലനിൽക്കുന്ന പാതകളിൽ അടിയന്തര സുരക്ഷ ഉറപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.