Banner Ads

രാജ്യസുരക്ഷയിൽ ആശങ്ക: ഡിആർഡിഒയുടെ 31 ജിബി ഡാറ്റ ചോർന്നതായി സംശയം; ഡാർക്ക് വെബിൽ വിൽപനയ്ക്ക്

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) നിർണായക വിവരങ്ങൾ ചോർന്നതായി സംശയം. 31 ജിബിയോളം വരുന്ന അതീവ രഹസ്യ സ്വഭാവമുള്ള ഡാറ്റ ഡാർക്ക് വെബിൽ 8,000 ഡോളറിന് (ഏകദേശം 6.7 ലക്ഷത്തിലധികം രൂപ) വിൽപനയ്ക്ക് വെച്ചതായി കണ്ടെത്തി.തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ആലിബൈ സൈബർ ഫോറൻസിക്’ എന്ന സ്വകാര്യ സ്ഥാപനമാണ് തങ്ങളുടെ പതിവ് ഡാർക്ക് വെബ് നിരീക്ഷണത്തിനിടെ ഈ ഗുരുതര വിവരങ്ങൾ കണ്ടെത്തിയത്.

ഇന്ത്യൻ പ്രതിരോധ മേഖലയിലെ അതീവ രഹസ്യ രേഖകളും മിസൈൽ സംവിധാനങ്ങളുടെ സാങ്കേതിക വിവരങ്ങളും അടങ്ങിയ ഫയലുകളാണ് ഡാർക്ക് വെബിൽ വിൽപനയ്‌ക്കുവെച്ചിരിക്കുന്നത്. പ്രചരിക്കുന്ന സാമ്പിൾ രേഖകളിൽ മുതിർന്ന ഡിആർഡിഒ ശാസ്ത്രജ്ഞരുടെ ഒപ്പുകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

എന്നാൽ, ചോർന്നതായി പറയപ്പെടുന്ന രേഖകളുടെ ആധികാരികത കേന്ദ്ര സർക്കാരോ ഡിആർഡിഒയോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന വിഷയമായതിനാൽ ഉടൻ തന്നെ അടിയന്തര ഡിജിറ്റൽ ഫോറൻസിക് പരിശോധന നടത്തി വിവരങ്ങളുടെ ഉറവിടവും ആധികാരികതയും കണ്ടെത്തണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ ആവശ്യപ്പെടുന്നു.