Banner Ads

സംസ്ഥാനത്ത് ഓണച്ചന്തകൾ ഓഗസ്റ്റ് 8 മുതൽ; മഞ്ഞക്കാർഡുകാർക്കുള്ള ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ആശ്വാസ പ്രഖ്യാപനങ്ങളുമായി സർക്കാർ. ഈ വർഷത്തെ ഓണച്ചന്തകൾ ഓഗസ്റ്റ് 8 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണം ട്രേഡ് ഫെയറുകൾ ഓഗസ്റ്റ് 6 മുതൽ തുടക്കമാകും,മഞ്ഞക്കാർഡ് (AAY) ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ ആരംഭിക്കും.

ഓണസദ്യക്ക് ആവശ്യമായ 16 ഇനം അവശ്യസാധനങ്ങളാണ് ഇത്തവണത്തെ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി സബ്‌സിഡി നിരക്കിലുള്ള 13 ഇനം സാധനങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കും. വരും വർഷങ്ങളിൽ കൂടുതൽ മുൻഗണനാ വിഭാഗങ്ങളിലേക്ക് ഓണക്കിറ്റ് വിതരണം വ്യാപിപ്പിക്കുമെന്നും മന്ത്രി വിശദീകരിച്ചു.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, ചെലവുകൾ പരമാവധി ചുരുക്കണമെന്ന് ധനവകുപ്പ് വിവിധ വകുപ്പുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പുതുക്കിയ എസ്റ്റിമേറ്റുകൾ ബജറ്റ് പരിധിക്കുള്ളിൽ തന്നെ നിൽക്കണമെന്നും, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികളും ഒഴിവാക്കാവുന്ന അറ്റകുറ്റപ്പണികളും മാറ്റിവെക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.എന്നാൽ, സാമ്പത്തിക നിയന്ത്രണങ്ങൾ കടുക്കുമ്പോഴും ഓണക്കാലത്ത് ജനങ്ങൾക്ക് പരമാവധി ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിതരണ വകുപ്പ് വിപുലമായ വിതരണ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്