
ചെന്നൈ: കാവേരി നദീജല തർക്കത്തിൽ കർണാടക സന്ദർശനത്തിനൊരുങ്ങുന്ന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യുടെ നീക്കത്തിനെതിരെ തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിഷേധം കനക്കുന്നു. മുഖ്യമന്ത്രി തെറ്റായ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. നേരിട്ടുള്ള ചർച്ചകൾക്ക് പകരം നിയമപോരാട്ടമാണ് ഇതുവരെ തമിഴ്നാട് സ്വീകരിച്ചുപോന്ന നിലപാടെന്നും അദ്ദേഹം വ്യക്തമായി ഓർമ്മിപ്പിച്ചു.
വിഷയത്തിൽ അടിയന്തരമായി സർവകക്ഷിയോഗം വിളിച്ചുചേർക്കണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിതലത്തിലുള്ള ഈ കൂടിക്കാഴ്ച തമിഴ്നാടിന്റെ താല്പര്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ഇ.പി.എസ് (എടപ്പാടി കെ. പളനിസാമി) അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് മൂന്നിനാണ് വിജയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള ചർച്ച തീരുമാനിച്ചിരിക്കുന്നത്.സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള ജലം നിലവിൽ തമിഴ്നാടിന് ലഭിക്കുന്നില്ല. ഇതിനുപുറമേ കാവേരി നദിക്ക് കുറുകെ മേക്കദാട്ടുവിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തിലാണ് കർണാടക.
ഈ പശ്ചാത്തലത്തിലാണ് പ്രശ്നപരിഹാരത്തിനായി കർണാടക നേതൃത്വത്തെ കാണാൻ മുഖ്യമന്ത്രി വിജയ് താല്പര്യം അറിയിച്ചത്.നിലവിൽ കന്നഡ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് തമിഴ്നാട് ബസുകൾ അതിർത്തിയായ ഹൊസൂരിൽ സർവീസ് അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. മുൻപും ചർച്ചകൾക്ക് കർണാടക തയ്യാറായെങ്കിലും നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല.
അതിനാൽ തന്നെ തമിഴ്നാടിന്റെ പരമ്പരാഗത നിലപാടുകൾക്ക് വിരുദ്ധമായ ഈ ചർച്ചയെ പ്രതിപക്ഷ കക്ഷികൾ കടുത്ത ഭാഷയിലാണ് എതിർക്കുന്നത്.
ചർച്ചയിൽ ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിയുണ്ടായാൽ അത് വിജയുടെയും പാർട്ടിയായ ടിവികെയുടെയും (TVK) രാഷ്ട്രീയ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക സ്വന്തം അണികൾക്കുമുണ്ട്