
കൊച്ചി : എറണാകുളം റൂറൽ ജില്ലയിൽ പോലീസ് നടത്തിയ ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ വൻ ലഹരി വേട്ട. പരിശോധനകളിൽ 330 കേസുകൾ രജിസ്റ്റർ ചെയ്യുകയും വിവിധ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് 390 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പെരുമ്പാവൂർ സബ് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 130 കേസുകളിലായി 155 പേർ അറസ്റ്റിലായി. ആലുവയിൽ 75 കേസുകളിലായി 101 പേരെയും പോലീസ് പിടികൂടി. പരിശോധനാ കാലയളവിൽ 145 കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്.
ഇതിൽ 17 കിലോയോളം പെരുമ്പാവൂരിൽ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവാണ്. തായ്‌ലൻഡിലേക്ക് ആളുകൾക്ക് ടൂറിസ്റ്റ് വിസയും യാത്രാച്ചെലവും എടുത്തുനൽകി അവിടെനിന്നും കള്ളക്കടത്ത് നടത്തിയിരുന്ന സംഘമാണ് പോലീസിന്റെ വലയിലായത്.
ലഹരിക്കടത്തിലെ പ്രധാന സൂത്രധാരനും ദമ്പതിമാരും കരിയർമാരും ഉൾപ്പെടെ പത്തുപേരടങ്ങുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താനായി ഇവർ ഉപയോഗിച്ചിരുന്ന ആഡംബര കാറുകൾ ഉൾപ്പെടെ ആറ് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.