Banner Ads

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: കേസെടുക്കുന്നതിൽ ക്രൈംബ്രാഞ്ച് തീരുമാനം ഇന്ന്; പ്രതിസന്ധിയായി പിഎസ്‌സിയുടെ നിലപാട്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ ഏതെല്ലാറ്റിൽ കേസെടുക്കണമെന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. ഇതിന് പിന്നാലെ വൈകാതെ തന്നെ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യും. തിങ്കളാഴ്ച മുതൽ പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മൊഴിയെടുത്ത ശേഷമായിരിക്കും പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സിക്ക് കത്ത് നൽകുക.

അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുന്ന കാര്യത്തിൽ പിഎസ്‌സി ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. തിങ്കളാഴ്ച ചേരുന്ന പിഎസ്‌സി യോഗം ഈ വിഷയത്തിൽ നിർണായകമാകും. നിലവിൽ പിഎസ്‌സി ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തുന്നതിനാൽ, സമാന്തരമായി മറ്റൊരു ഏജൻസിയുടെ അന്വേഷണത്തോട് സഹകരിക്കേണ്ടതില്ലെന്നാണ് ഭരണസമിതിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ, പരീക്ഷാ നടത്തിപ്പിനെതിരെ പൊതുസമൂഹത്തിൽ വ്യാപകമായ വിമർശനം ഉയരുന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ചിനെ എതിർക്കുന്നത് കൂടുതൽ തിരിച്ചടിയാകുമെന്ന ആശങ്കയും മറ്റൊരു വിഭാഗം പങ്കുവെക്കുന്നുണ്ട്.